2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഇവര്‌ കൊള്ളാമല്ലോ......................

"ആഹ്ലാദിക്കുവിൻ.....ആഘോഷിപ്പിൻ............ഇന്ന് നമ്മുടെ വിജയദിനമാണ്‌.ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ കഴുത്തിന്‌ പിടിച്ച്‌ പുറത്താക്കിയിട്ട്‌ ഇന്നേക്ക്‌ 50 വർഷം തികഞ്ഞു.ഇങ്ങനെ ഒരു ധീരകൃത്യത്തിൽ ഭാഗഭാക്കായ എല്ലാവരെയും ഓർമ്മിക്കുന്നതോടൊപ്പം ഇനിയും ഒരു വിമോചനസമരം ആസൂത്രണം ചെയ്യാനുള്ള പദ്ധതികൾക്കായി നിർദ്ദേശങ്ങൾ സമർപ്പിക്കാനും നിങ്ങളോട്‌ അപേക്ഷിക്കുന്നു."

* * * * * * * * * * * * * *
ലോകത്തിൽ ബാലറ്റിലൂടെ അധികാരത്തിൽ എത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ നിങ്ങൾ ഭരിച്ചാൽ ശരിയാവില്ല എന്നു മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ കുതന്ത്രങ്ങളിലൂടെ പുറത്താക്കിയിട്ട്‌ ജൂലൈ 31-ന്‌ 50 വർഷം തികയുന്നു.അതും ജനാധിപത്യത്തിന്റെ അപ്പോസ്‌തലന്മാർ എന്ന് പറഞ്ഞ്‌ നടക്കുന്ന കോൺഗ്രസ്സുകാർ തന്നെ.അന്ന് ഇതിനായി പറഞ്ഞ ന്യായങ്ങൾ കേട്ടപ്പോൾ സരസനു ചിരി പൊട്ടി.

അന്ന് വിമോചനസമരം തുടങ്ങുമ്പോൾ കോൺഗ്രസ്സുകാർ മാത്രമായിരുനു മറുചേരിയിൽ.പിന്നീട്‌ ക്രിസ്‌ത്യൻ മാനേജ്‌മന്റും നായർസമുദായവും ചേർന്നു.അന്ന് അവർ നാടൊട്ടുക്ക്‌ പറഞ്ഞ്‌ നടന്നത്‌ കമ്മ്യൂണിസ്റ്റ്കാർ ഇവിടത്തെ അമ്പലങ്ങളും പള്ളികളും തകർക്കും.ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടും,ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങൾ കയ്യടക്കും എന്നൊക്കെയാണ്‌.1959-ന്‌ ശേഷം പല തവണ കമ്മ്യൂണിസ്റ്റ്‌ സർക്കാരുകൾ അധികാരത്തിലെത്തി.അപ്പോൾ സ്വാഭാവികമായും പള്ളികളും അമ്പലങ്ങളും ഒക്കെ തകർക്കപ്പെടണമല്ലോ?അങ്ങനെ തകർക്കപ്പെട്ട ആരാധനാലയങ്ങൾ കണ്ടു പിടിക്കാനുള്ള ഒരു ഗവേഷണം നടത്താനുള്ള ശ്രമത്തിലാണ് സരസൻ.എന്തെങ്കിലും തുമ്പോ വാലോ കിട്ടിയാൽ ഉടനെ സരസനെ അറിയിക്കുക.

പിന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യം പറയണ്ടല്ലോ...ന്യൂനപക്ഷമാനേജ്‌മന്റുകളുടെ 'കാര്യക്ഷമമായ' നടത്തിപ്പ്‌ കാരണം ഈ സ്ഥാപനങ്ങളെയൊക്കെ വിദ്യാലയങ്ങൾ എന്നതിനെക്കാൾ കച്ചവടസ്ഥാപനമെന്നോ ബ്ലേഡ്‌ എന്നോ ഒക്കെ വിളിക്കുന്നതാണ്‌ നല്ലത്‌.

വായനക്കാർ വിചാരിക്കും ഈ സരസന്‌ വേറെ പണിയില്ലേ ഇപ്പോൾ ഇതൊക്കെ പറയുന്നതെന്തിനാ എന്ന്.ഇന്നലെ വിമോചനസമരത്തിന്റെ പേരും പറഞ്ഞ്‌ നടന്ന കോപ്രായങ്ങൾ കണ്ട്‌ പറഞ്ഞ്‌ പോയതാണേ.ഇന്നലെ വിമോചന സമരത്തിന്റെ സുവർണ്ണജൂബിലി ആഘോഷിക്കാൻ ഒരുപാട് പേരെയൊക്കെ വിളിച്ച്‌ കൂട്ടി ചില കുഞ്ഞാടുകൾ നടത്തിയ പ്രഹസനങ്ങൾ കണ്ട്‌ "ഇവന്മാർ ഇതു വരെ നന്നായില്ലേ?" എന്ന് നെടുവീർപ്പിട്ട് പോയി സരസൻ.വിമോചനസമരം അത്യാവശ്യമായിരുന്നുപോലും.അന്ന് ന്യൂനപക്ഷത്തിന്റെ മേൽ നടത്തിയ ചില കടന്ന് കയറ്റങ്ങളുടെ പേരിൽ ആയിരുന്നു അത്രെ വിമോചനസമരം നടത്തിയത്‌.അല്ലാതെ കയ്യിലുള്ള സ്കൂളുകൾ പോവും എന്ന് ഭയന്നിട്ടൊന്നുമല്ല.പാവങ്ങൾ.. സത്യം വിളിച്ച്‌ പറയുന്നത്‌ കണ്ടോ?

ഒരു ചെറിയ വ്യാമോഹത്തിന്റെ തിരയിളക്കങ്ങളും അവിടെ കണ്ടു.ഒരു രണ്ടാം വിമോചനസമരം.അത്‌ നടത്തുന്നതിന് ഒരു കാരണവും പറഞ്ഞു ,രണ്ടാം മുണ്ടശ്ശേരി കളിയാണ്‌ സർക്കാർ കളിക്കുന്നത്‌ എന്ന്.ഇപ്പോ എങ്ങനെയുണ്ട്‌?

മുണ്ടശ്ശേരി എന്ന ക്രാന്തദർശിയായ ഭരണാധികാരി ഭാവിയിലേക്കായി കരുപ്പിടിപ്പിച്ചതായിരുന്നു 1957-ലെ വിദ്യാഭ്യാസനിയമം.പൊതുഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന അധ്യാപകരെ സർക്കാർ തന്നെ നിയമിക്കും എന്ന് പറയുന്നതിൽ പക്ഷെ സ്കൂൾ മാനേജ്‌മന്റിന് എന്തോ പന്തികേട്‌ ഉള്ളത്‌ പോലെ തോന്നി.അവർ ആളിനെ ഇറക്കി കളിച്ചു.മതത്തിന്റെ പേരും പറഞ്ഞ്‌ വിശ്വാസികളെ കളിപ്പിക്കുകയും ചെയ്തു.എന്നിട്ട്‌ ഇപ്പോഴും നീട്ടിയും കുറുക്കിയും അതിനെ ന്യായീകരിക്കുകയാണല്ലോ ഇവിടെ ചിലർ.

വിമോചനസമരത്തിന്റെ വേറെ ചില ഗുണഭോക്താകളും സുവർണ്ണജൂബിലി വർണ്ണാഭമായി കൊണ്ടാടി.ഒരു കേന്ദ്രമന്ത്രിയെ കൊണ്ടുവന്ന് കൊഴുപ്പിച്ചില്ലേ ചടങ്ങ്‌.കേന്ദ്രമന്ത്രിമാരെക്കൊണ്ട്‌ വേറെ ഉപയോഗമൊന്നും ഇല്ല.എന്നാൽ പിന്നെ ഇങ്ങനെയെങ്കിലും ഒരു ഉപയോഗം ഉണ്ടാകട്ടെ എന്ന് വിചാരിച്ചാണോ എന്തോ?അതെന്തായാലും പുള്ളി വന്നത്‌ വെറും കയ്യോടെ ആയിരുന്നില്ല.ഒരു ഗമണ്ടൻ കണ്ടുപിടിത്തവുമായിട്ടാണ്‌.അത്‌ കേട്ട്‌ തലമുതിർന്ന കൊൺഗ്രസ്സ്കാർ പോലും ആകാശത്തേക്ക്‌ നോക്കി ‘എന്റെ ഹൈക്കമാന്റമ്മച്ചിയേ‘ എന്ന് വിളിച്ചെന്നാണ്‌ സരസന്‌ കിട്ടിയ റിപ്പോർട്ട്‌.കണ്ടുപിടിത്തം ഇത്രയെ ഉള്ളു-കേരളത്തെ ഒരു സ്വതന്ത്രരാഷ്ട്രമാക്കാൻ 1957-ലെ ഇ എം എസ്‌ സർക്കാർ ശ്രമിച്ചെന്ന്.കൊള്ളാമല്ലോ.പത്ത്‌ അമ്പത്‌ വർഷത്തിന്‌ ശേഷമാണേലും ഇതിയാൻ മഷിയിട്ട്‌ കണ്ട്‌ പിടിച്ചു കളഞ്ഞല്ലോ.ഇതിയാൻ വയലാറും വയലേഴും ഒക്കെ നീന്തികടന്നില്ലെങ്കിലെ അൽഭുതമുള്ളു.

ഈ വിമോചനസമരഏകോപനസമിതിക്കാർ വേറെ ചില വാർത്തകൾ ശ്രദ്ധിച്ചോ ആവോ?വിമോചനസമരത്തിന്‌ കേരളം മുഴുവൻ പ്രസംഗിച്ചു നടന്ന ജ.കെ.ടി. തോമസ്‌ സമരത്തിൽ പങ്കെടുത്തതിനെ കുറിച്ചോർത്ത് പശ്ചാത്തപിച്ചതാണ്‌ ഒരു വാർത്ത.മറ്റൊന്ന് വിമോചനസമരത്തിന്റെ കൺ‌വീനർ കെ.എം.ചാണ്ടിയുടെ വെളിപ്പെടുത്തലുകളും.അദ്ദേഹത്തിന്റെ സഹോദരനായ പാലാ കെ.എം.മാത്യു രചിച്ച 'വരിക വരിക സഹജരെ' എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ ഉണ്ട്‌-വിമോചനസമരത്തിലൂടെ സമ്പന്ന-മത-സമുദായിക സംഘടനകൾ കേരളത്തെ വർഗ്ഗീയശക്തികളുടെ വരുതിയിലാക്കി എന്ന് അദ്ദേഹം പറയുന്നു.ഭരണഘടനാസംരക്ഷണത്തിന്റെ പേരിൽ ക്രിസ്ത്യൻ മാനേജുമന്റുകൾ അഹങ്കരിച്ചിരുന്നു എന്നും മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസനിയമം അധ്യാപകരെ അംഗീകരിക്കുന്നതായിരുന്നു എന്നും അദ്ദേഹം പറയുന്നു-ഈ വാർത്തകളൊക്കെ നമ്മുടെ മുഖ്യധാരാമാധ്യമ മേലാളന്മാർക്ക് കണ്ണീന് പിടിക്കാത്തത് കൊണ്ട് അപ്രത്യക്ഷമായി എന്നാണറിവ്.
ഭൂപരിഷ്കരണത്തിലൂടെ പാവപ്പെട്ടവന്റെ നട്ടെല്ലുയർത്തിയ,വിദ്യാഭ്യാസപരിഷ്കരണങ്ങളിലൂടെ ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ ശ്രമിച്ച,പ്രഗത്ഭമതികളായ വ്യക്തികളുടെ ഒരു അധികാരകേന്ദ്രത്തെ പുറത്താക്കി ജനാധിപത്യത്തെ കശാപ്പുചെയ്ത 1959 ജൂലൈ 31 ജനാധിപത്യകേരളത്തിലെ ഒരു കരിദിനമാണെന്ന് സരസന്‌ സംശയമില്ല. നിങ്ങൾക്കോ?

ഇത്രയൊക്കെയായിട്ടും രണ്ടാം വിമോചനസമരത്തിനായി കോപ്പ്‌ കൂട്ടുന്ന ഇവന്മാരുടെയൊക്കെ തൊലിക്കട്ടി കണ്ട്‌ കാണ്ടാമൃഗവും പിന്നെ സരസനും ഒരുമിച്ച്‌ ഒരാത്മഗതം:"ഹെന്റമ്മോ. . . . .! ! !"



പിൻകുറിപ്പ്‌:ഇന്ത്യൻ സിനിമാസംഗീതചരിത്രത്തിലെ ചക്രവർത്തിയായി,മനുഷ്യമനസ്സുകളിൽ കുളിർമഴയായി പെയ്തിറങ്ങിയ,ഇന്നും മരിക്കാത്ത ആ അനശ്വരശബ്ദത്തിന്റെ ഉടമ നമ്മെ വിട്ട്‌ പിരിഞ്ഞിട്ട്‌ 29 വർഷമായി.മഹാനായ റഫി സാഹ്ബ്‌ താങ്കൾ ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസ്സുകളിൽ.

1 അഭിപ്രായം:

സരസൻ പറഞ്ഞതിൽ എന്തെകിലും കറക്‌‌റ്റുണ്ടാ,പറ!!!!!!!!!!!!