2009, ജൂലൈ 24, വെള്ളിയാഴ്‌ച

എന്നിട്ടിപ്പൊ എന്തായി......................?

ഇപ്പോൾ കേന്ദ്രത്തിലെ യുപിഎ സർക്കാർ കിടന്ന് ചക്രശ്വാസം വലിക്കുന്നത്‌ കാണുമ്പോൾ സരസന്‌ ചിരി വരുന്നു.എന്തൊക്കെയായിരുന്നു.ആണവോർജ്ജം ഒഴുകാൻ പോകുന്നു,പുത്തൻ സാങ്കേതികവിദ്യകൾ കിട്ടാൻ പോകുന്നു,ഇന്ത്യ ആണവരാജ്യങ്ങളിൽ മുൻനിരയിലേക്ക്‌ വരും,അമേരിക്ക നമ്മളെ കെട്ടി പിടിച്ച്‌ ഉമ്മ വക്കും.എന്നിട്ടിപ്പോ എന്തായി?

ആണവവിജ്ഞാനം അമേരിക്കക്കാർ പകർന്ന് തരുന്നതും സ്വപ്നം കണ്ട്‌ വേഴാമ്പലിനെപ്പോലെ വായും തുറന്നിരുന്ന നമ്മുടെ ആണവശാസ്ത്രജ്ഞന്മാർക്ക്‌ ഇനി ധൈര്യമായി വായടക്കാം.ഹിലാരി അമ്മച്ചി ഇന്ത്യയിൽ സുഖവാസത്തിന്‌ വന്നപ്പോൾ പറയുകയാണ്‌:" പൈസ കൊടുത്താൽ റിയാക്ടറും അത്‌ കറക്കാൻ ഇന്ധനവും തരാം.ബട്ട്‌ അത്‌ എങ്ങനെ ഉണ്ടാക്കുന്നു എന്ന് മാത്രം ചോദിക്കരുത്‌ പ്ലീസ്‌ പറയാൻ പറ്റാത്തത്‌ കൊണ്ടാ.ഇനി അതും കൂടി പറഞ്ഞ്‌ തന്നാൽ നിങ്ങൾ ഇന്ത്യക്കാർ ഞങ്ങളെക്കാൾ വളർന്നാലോ എന്ന് ഒബാമഅണ്ണന് പേടി?അതൊന്നും കണ്ട്‌ നിൽക്കാനുള്ള കരുത്ത്‌ പാവം അമേരിക്കക്കാർക്ക്‌ ഇല്ല.ഇപ്പോ തന്നെ ആ ചൈനയെ കാരണം ഇരിക്കപ്പൊറുതി ഇല്ല.പിന്നെ നിങ്ങളും ആ പാകിസ്ഥാനുമായുള്ള യുദ്ധത്തിന്‌ വിസിലൂതി നിൽക്കുന്നത്‌ കൊണ്ടാ ഞങ്ങൾ പിടിച്ച്‌ നിൽക്കുന്നത്‌.ഞങ്ങളുടെ കയ്യിലുള്ള 18-​‍ാമത്തെ അടവാണ്‌ ഇത്‌.അതുകൂടി പോയാൽ പിന്നെ ഞങ്ങൾ പല്ല് പോയ പട്ടികളെപ്പോലെ ആയിപ്പോകും.മാത്രമല്ല നിങ്ങളുമായി കമ്പനി അടിക്കുന്നത്‌ ആ ഇസ്രയേലിന്‌ അത്ര പിടിക്കുന്നില്ല.കെറുവിച്ച്‌ നിൽക്കുവാ.അതുകൊണ്ടാ ഇപ്പോൾ ഒബാമയണ്ണൻ പറഞ്ഞിട്ടുപോലും കേൾക്കാത്തത്‌..അതുകൊണ്ട്‌ സോറി.ഒന്നും തോന്നരുത്‌."

ഹിലാരിയമ്മച്ചി ഇങ്ങനോക്കെ പറഞ്ഞപ്പോ ഇന്ത്യയിൽ എല്ലാവർക്കും നിരാശ തോന്നി.പക്ഷെ ഒരാൾ മാത്രം അപ്പോഴും മിണ്ടാതങ്ങനെ ഇരിക്കുകയാണ്‌.പാവം ഒന്നും അറിഞ്ഞിട്ടില്ല.ഈ കരാർ ഒപ്പിട്ടതേ അദ്ദേഹമല്ല എന്നാണ്‌ പുള്ളിയുടെ ഇരുപ്പിൽ നിന്ന് സരസൻ മനസ്സിലാക്കുന്നത്‌.പാവം അദ്ദേഹത്തിനെ വെറുതെ കുറ്റം പറഞ്ഞു.ഈ കാരാട്ടിനെയൊക്കെ ഞാൻ.....................................

അല്ല ഈ കരാർ ഒപ്പിട്ടത്കൊണ്ട്‌ ഇന്ത്യക്ക്‌ ഉപയോഗമില്ലെങ്കിൽ എന്താ സാമ്പത്തികമാന്ദ്യത്തിൽ പെട്ട്‌ നട്ടം തിരിയുന്ന ഒരു ദരിദ്രരാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലേ?അമേരിക്ക നിലനിൽക്കുന്നത്‌ തന്നെ ഇപ്പോ ഇന്ത്യയുടെ കാരുണ്യത്തിൽ ആണ്‌.അവിടത്തെ റിയാക്ടർ കമ്പനികളുടെ വിൽക്കാതെ കിടന്ന റിയാക്ടറുകൾ നമ്മൾ വാങ്ങുമ്പോൾ പിന്നെ നമ്മൾ ആരെയാണ്‌ സഹായിക്കുന്നത്‌?ഇത്രയൊക്കെയായിട്ടും എന്തിനാ ഒരു സംശയം.ഒരൽപ്പം പൈസ ചെലവാകിയാലെ ഇക്കാലത്ത്‌ ആളാകാൻ പറ്റൂ.അത്‌ അറിയില്ല എന്നുണ്ടൊ,ങേ........?ഇനിയുള്ള ദിനങ്ങൾ ഇന്ത്യയുടെ പോക്ക്‌ കണ്ട്‌ ലോകം മുഴുവൻ കണ്ണും തള്ളി ഇരിക്കും.


ശരിയാ,ഇന്ത്യയുടെ പോക്കിനെ കുറിച്ച്‌ ഓർത്തപ്പോൾ സരസന്റെ കണ്ണ് ഇപ്പോഴേ തള്ളുന്നു.

കണ്ണ് തള്ളിക്കൊണ്ട് സരസന്റെ ആത്മഗതം:“ഹെന്റമ്മോ. . . . .! ! !“പിൻ‌കുറിപ്പ്:മലയാളസിനിമയിൽ വില്ലനായും സ്വഭാവനടനായും കൊമേഡിയനായും ഒട്ടേറെ നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രാജൻ പി ദേവിന് സരസന്റെ ആദരാഞ്ജലികൾ