2009, സെപ്റ്റംബർ 20, ഞായറാഴ്‌ച

“കന്നാലിക്ലാസ്സൂം വിശുദ്ധപശുക്കളും“

സരസന്‌ കുറച്ച്‌ ദിവസമായി നല്ല ഉഷാറാണ്‌.കാര്യം എന്താന്നല്ലേ.നമ്മുടെ പത്രങ്ങളിലും ടിവി ചാനലുകളിലും ആകെ ബഹളമല്ലായൊരുന്നോ.ഷാജി കൈലാസിന്റെ സിനിമകളിൽ പോലും ഇത്ര ത്രില്ല് ഉണ്ടാകാറില്ല.

ഒരു കോടീശ്വരപുത്രൻ റോഡിൽ വച്ച്‌ ദാരുണമായി കൊല്ലപ്പെട്ടു.അതെന്തായാലും മാധ്യമങ്ങൾ ആഘോഷമാക്കി.പോളിനെ കുത്തിയത്‌ 'കാരി' എന്നൊരുത്തനെന്ന് പോലീസ്‌.പക്ഷെ കൊന്നത്‌ കാരിയാണോ എന്നു മാധ്യമങ്ങൾക്ക്‌ സംശയം.അവരുടെ സംശയം ന്യായം.പക്ഷെ പിന്നെ നടന്നതൊക്കെയാണ്‌ രസം.കാരി കുത്തിയ കത്തി പോലീസ്‌ കണ്ടെടുക്കുന്നു.'S' ആകൃതിയിലുള്ള കത്തിയിട്ടാണ്‌ കുത്തിയതെന്ന് പോലീസ്‌ പറഞ്ഞു.പോളിന്റെ കൂടെ സഞ്ചരിച്ച ഗുണ്ടകളായ ഓംപ്രകാശും പുത്തൻപാലം രാജേഷും ഒളിവിൽ പോയി.അവരെ പിടികൂടാൻ പോലീസ്‌ ശ്രമം തുടങ്ങി.

അപ്പോൾ ദാ വരുന്നു നമ്മുടെ കുഞ്ഞൂഞ്ഞും ചെന്നിത്തലയും സംഘവും.അവർ പറഞ്ഞു ഓംപ്രകാശും പുത്തൻപാലം രാജേഷും ആഭ്യന്തരമന്ത്രിയുടെ വീട്ടിലുണ്ടെന്ന്.ഉടനെ മാധ്യമങ്ങൾ മന്ത്രിയുടെ വീട്ടിലേക്കോടി.അപ്പോൾ വേറൊരു ചാനൽ പറഞ്ഞു മന്ത്രിയുടെ പുത്രൻ അവരെ ദുബായിലേക്ക്‌ കടത്തിയെന്ന്.അവർ അതു പറഞ്ഞതിന്റെ പിറ്റേന്ന് ഓംപ്രകാശും രാജേഷും തമിഴ്‌നാട്ടിൽ പൊങ്ങി.പൊട്ടിച്ച വാർത്ത തൊണ്ടയിൽ കുടുങ്ങിയ ചാനൽ തുപ്പാനും ഇറക്കാനും വയ്യാതെ നിൽപ്പായി.

അങ്ങനെയവർ ഒരു കൊല്ലനെ പൊക്കികൊണ്ടു വന്നു.പോലീസ്‌ കൊല്ലനെക്കൊണ്ട്‌ 'S' ആകൃതിയിലുള്ള കത്തി ഉണ്ടാക്കിച്ചത്രെ.അന്വേഷണത്തിന്റെ ഏതോ വഴിയിൽ വച്ച്‌ അവർക്ക്‌ കളഞ്ഞുകിട്ടിയതാണത്രെ ഈ കൊല്ലൻ.ഏത്‌ വഴിയാണെന്ന് അവർ പറയുന്നില്ല.വാർത്ത കണ്ട്‌ കൊല്ലനെ പിടിക്കാൻ പോലീസ്‌ ചെന്നപ്പോൾ കൊല്ലനുമില്ല ആട്‌ കിടന്നിടത്ത്‌ പൂടയുമില്ല.സരസന്‌ ഒരു സംശയം! അല്ല, ആ കൊല്ലൻ എവിടെപ്പോയതായിരിക്കും?

അങ്ങനിരിക്കുമ്പോൾ ദാ വരുന്നു അടുത്ത ചാനൽ അടുത്ത വെടിയുമായി.ഓംപ്രകാശ്‌ സിപിഐഎം പ്രവർത്തകനാണെന്ന് അയാളുടെ അച്ഛൻ പറയുന്നത്‌ എക്സ്‌ക്ലൂസീവായി ചാനലുകളിലൂടെ ഒഴുകി.വൈകുന്നേരമായപ്പോൾ അതിന്റെയും വെടി തീർന്നു.നമ്മുടെ പിതാവിന്‌ പറയാനുള്ള കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഖദറിട്ട മാന്യൻ അറിയാതെ ക്യാമറയിലകപ്പെട്ടു.ഇനി ടിവിയിൽ മുഖം കാണിക്കാൻ കൊതിതോന്നി അദ്ദേഹം ചെയ്തതാണോന്ന് സരസന്‌ അറിയില്ല.

ഇപ്പോൾ സംഗതി ഒന്നടങ്ങിയിട്ടുണ്ട്‌.കാര്യം മറ്റൊന്നുമല്ല.പുതിയൊരു സാധനം വീണുകിട്ടിയിട്ടുണ്ട്‌.അതും നമ്മുടെ സ്വന്തം തിരോന്തോരത്തെ തരൂരണ്ണന്റെ വിവാദം.വേറൊന്നുമല്ല അണ്ണൻ സ്വസ്ഥമായി ഒരു അഞ്ചുനക്ഷത്രഹോട്ടലിൽ സുഖവാസം നടത്തിവരികയായിരുന്നു.അപ്പോഴാണ്‌ നമ്മുടെ പ്രണബുമാമൻ ഇറങ്ങിപ്പോടാ എന്നും പറഞ്ഞു കലിപ്പുണ്ടാക്കിയത്‌.ഒടുവിൽ മനസ്സില്ലാമനസ്സോടെയാണ്‌ തരൂരണ്ണൻ താമസം മാറിയത്‌.അതും കാലിത്തൊഴുത്തുപോലുള്ളൊരിടത്തേക്ക്‌.ഈ നാടൻമന്ത്രിമാർക്കൊക്കെ ഈ കാലിത്തൊഴുത്തു മതി.പക്ഷെ തരൂരണ്ണനെ പോലെ ഒരു ഫോറിനിറക്കുമതിക്ക്‌ ഈ സൗകര്യമൊന്നും പോര.അമേരിക്കയിലായിരുന്നെങ്കിൽ ഹോട്ടലിൽ താമസിച്ചാൽ ഇറങ്ങി പോകാനെ പറയില്ല.'കണ്ട്രി ഫെല്ലോസ്‌'.

ഈ കലിപ്പുമായി അങ്ങനെ 'ട്വീറ്റി'ക്കൊണ്ടിരുന്നപ്പോഴാണ്‌ ഒരു സാമദ്രോഹി വന്ന് വീണ്ടും നൂഡിൽസിൽ പാറ്റയെ പിടിച്ചിട്ടത്‌.പുള്ളി ചോദിച്ചു അടുത്ത തവണ കേരളത്തിലേക്ക്‌ പോകുമ്പോൾ താങ്കൾ 'കന്നുകാലി ക്ലാസിൽ' തന്നെയാണോ പോകുകയെന്ന്.തമാശക്കാരനായ തരൂരാകട്ടെ ഉരുളക്കുപ്പേരിപോലെ ഒരു മറുപടി നൽകി.'വിശുദ്ധപശുക്കളോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അടുത്ത തവണ കന്നുകാലി ക്ലാസിൽ തന്നെ സഞ്ചരിക്കുമെന്ന്'.കൊടുത്ത ഉരുള അണ്ണന്റെ തൊണ്ടയിൽ തന്നെ വന്നു തടഞ്ഞു.നാടിളകി നാട്ടാരിളകി. പത്രങ്ങളൂം ടിവികളും സംഭവം ചറപറാ ഫ്ലാഷി.ഒടുവിൽ കോൺഗ്രസ്സിലെ വിദ്യാഭ്യാസമില്ലാത്ത സകലഅവന്മാരും വിദ്യാഭ്യാസം കൂടിപ്പോയ അണ്ണനെതിരേ രംഗത്തെത്തി.(അസൂയ അല്ലാതെന്ത്‌!)വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അണ്ണനോട്‌ കട്ടക്കുനിൽക്കുന്ന ഒരേ ഒരു മഹാനായ പ്രധാനമന്ത്രിക്ക്‌ മാത്രമേ നമ്മുടെ അണ്ണന്റെ ബൗദ്ധികമായ തമാശ പിടികിട്ടിയുള്ളൂ.ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അണ്ണനൊരു മാപ്പങ്ങു പറഞ്ഞു.'അബദ്ധം പറ്റിപ്പോയി. ഇതു ഇന്ത്യയാണെന്ന് മറന്നുപോയി സോറി'.(നീയൊക്കെ അമേരിക്കയിൽ പോയി നോക്ക്‌.അവിടെ എന്തും പറയാം. മാപ്പു പറയുകയേ വേണ്ട).

സരസന്‌ മനസ്സിലാകാത്തത്‌ അതല്ല.'ഖദറിട്ട മാംസപിണ്ഡങ്ങൾ' എന്നും 'ഇറ്റാലിയൻ മദാമ്മ' എന്നുമൊക്കെ വിളിച്ചു കൂവിയ മനുഷ്യനെ പിടിച്ച്‌ മന്ത്രിയാക്കിയിട്ട്‌ ഇപ്പോൾ 'വിശുദ്ധപശു' എന്നൊന്ന് പൊക്കി വിളിച്ചപ്പോൾ ഇത്ര അരിശം പിടിക്കുന്നതെന്തിന്‌?ഞാൻ പറഞ്ഞില്ലേ എല്ലാവർക്കും അസൂയയാണ്‌.

പക്ഷെ അമേരിക്കൻ മോഡലിൽ മാപ്പു പറഞ്ഞിട്ടും വിവരമില്ലാ കോൺഗ്രസ്സുപിള്ളകൾ തരൂരിന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നതായാണ്‌ സരസന്‌ ഡൽഹിയിൽ നിന്ന് ലഭിച്ച വിവരം(ഹി ഹി ഞാനും റിപ്പോർട്ടറായേ!!!!)


വിവരവും വിദ്യാഭ്യാസവും നർമ്മബോധവും ലവലേശമില്ലാത്ത ഈ ഭാരതമക്കൾക്കിടയിൽക്കിടന്ന് 'ഭരിക്കുന്ന' പ്രധാനമന്ത്രിയുടേയും വിദേശകാര്യസഹമന്ത്രിയുടേയും കഷ്ടപ്പാടോർത്ത്‌ നെടുവീർപ്പിട്ടുകൊണ്ട്‌ സരസന്റെ ആത്മഗതം: "ഹെന്റമ്മോ. . . . .! ! !"പിൻകുറിപ്പ്‌:കേരളത്തിലെ ഗുണ്ടാവിളയാട്ടത്തിനെതിരേ യൂത്ത്കോൺഗ്രസ്സുകാർ നടത്തിയ മാർച്ചിനിടെ ജലപീരങ്കിയേറ്റ്‌ ബോധരഹിതനായി നിലം പതിച്ച യൂത്ത്കോൺഗ്രസ്സ്‌ നേതാവിനെ താങ്ങിയെടുത്ത 'തികഞ്ഞ' കോൺഗ്രസ്സുകാരനായ മനുഷ്യൻ ഇരുപതോളം ക്രിമിനൽകേസുകളിൽ പ്രതിയായ 'തികഞ്ഞ' ഒരു ഗുണ്ടയാണെന്ന് സരസൻ എവിടെയോ വായിച്ചു.